രാത്രിമഴ
രാത്രിമഴ
- ശ്രീഹരിനല്ലൂർ-
മേടം എന്നും ഒരു കാത്തിരിപ്പിന്റെ കാലമാണ് നാളുകളായി ഒന്നു കാണാതെ മിണ്ടാതെ ഇരിക്കുന്ന എന്റെ കാമുകനു വേണ്ടിയുള്ള കാത്തിരിപ്പ്. മേടത്തിലെ ചൂടുകൊണ്ട് അകവും പുറവും വെന്ത് ഭ്രാന്തു പിടിക്കുന്ന അവസ്ഥ ഇതിന് ആശ്വാസമായി വടക്കുനിന്ന് എത്തുന്ന രാത്രിമഴ.മേടം അവസാനിച്ചു ഇനി ഇടവം കുറച്ചുനാളത്തെ കാത്തിരിപ്പിനു ഇന്നു ചിലപ്പോൾ വിരാമമാകും.
ഉമ്മറത്ത് സന്ധ്യദീപം കൊളുത്തിവച്ച് ഞാൻ മുറിയിൽ എത്തി ജനാലപാളികൾ തുറന്ന് പുറത്തേക്ക് നോക്കി ഇരുന്നു. തീർച്ചയായും ഇന്ന് അവൻ വരും ഞാൻ മനസ്സിൽ പറഞ്ഞു.. എത്ര നാളായി ഞാനവനെ കണ്ടിട്ട് ഒന്ന് മിണ്ടിയിട്ട് ഒന്ന് തൊട്ടിട്ട്. ചിലപ്പോൾ ഒരു വാക്കുപോലും മിണ്ടാതെ ഓടിമറയുന്ന എന്റെ പ്രിയ കാമുകൻ എന്റെ രാത്രിമഴ....
മഴക്കുവേണ്ടിയുള്ള കാത്തിരിപ്പാണ് ഏറ്റവും മനോഹരമായത് എന്ന് ചില കാൽപനിക കവികൾ പറഞ്ഞിട്ടുണ്ട്. തീർച്ചയായും ഇന്ന് രാത്രി മഴ പെയ്യും. ഞാൻ വീണ്ടും വീണ്ടും മനസ്സിൻ പറഞ്ഞുകൊണ്ടേയിരുന്നു....
പ്രണയവും വിരഹവും സ്നേഹവും എല്ലാം ആർക്കും കരുതിവയ്ക്കാനില്ലാത്ത എന്റെ ബാല്യകാലത്ത് അവൻ എനിക്ക് ഒരു കൗതുകമായിരുന്നു. മധ്യവേനൽ അവധികഴിഞ്ഞ് സ്കൂളിലേക്ക് തിരിച്ചുപോകൂമ്പോൾ എനിക്ക് അകമ്പടിയായി വരുന്ന പെരുമഴ. മുറ്റത്ത് കെട്ടിനിൽക്കുന്ന വെള്ളത്തിൽ കടലാസ് തോണിയിറക്കൽ, റോഡിനെ തോടാക്കി മാറ്റി ഒഴുകുന്ന മഴവെള്ളത്തിൽ കാലുകൊണ്ട് പരസ്പരം വെള്ളം തട്ടിതെറിപ്പിക്കൽ, ആർത്തുചെയ്യുന്ന മഴയിൽ ഒരു കുടക്കീഴിൽ ഒരുപാട് കുഞ്ഞുതലകൾ കൊള്ളിച്ചുകൊണ്ടുള്ള സ്ക്കൂൾയാത്ര അങ്ങനെ എന്തെല്ലാം..... മഴ കുട്ടികാലത്ത് ഹരം പകരുന്ന ഒന്നായിരുന്നു ഒപ്പം കൗതുകവും...
കൗമാരത്തിന്റെ അവസാന ഘട്ടത്തിലാണ് ഞാൻ അവനെ കൂടുതൽ ശ്രദ്ധിക്കുവാൻ തുടങ്ങിയത്.അന്നുവരെ തോന്നാത്ത ഒരു വികാരം മഴയോടു തോന്നി തുടങ്ങി. മഴയുടെ സംഗീതവും ആരെയും ത്രസിപ്പിക്കുന്ന സൗന്ദര്യവും ഞാൻ ആസ്വദിച്ച് തുടങ്ങി. അപ്പോഴേക്കും അവനെന്റെ മനസ്സിൽ പ്രണയത്തിന്റെ കൂടുകെട്ടുവാൻ തുടങ്ങി കഴിഞ്ഞിരുന്നു. ഞാൻ ക്ഷണിക്കാതെ തന്നെ എന്റെ മനസ്സിൽ കയറിയ ആ കാമുകന്റെ മുഖഭാവങ്ങൾ വിവിധങ്ങളായിരുന്നു.
ഇടവം -കർക്കിടക്കം മാസങ്ങളിലെ നിർത്താതെ പെയ്യുന്ന പെരുമഴ. ചിങ്ങത്തിൽ വല്ലപ്പോഴും എത്തുന്ന അഥിതി. തുലാമെത്തുമ്പോൾ ഉച്ചയ്ക്കുശേഷം തിമിർത്തു പെയ്യുന്നു.പിന്നെ വേനൽകാലത്ത് ചൂടുമണ്ണിനെ കുളിരണിയിച്ച് വല്ലപ്പേഴും വന്ന് എത്തിനോക്കി ഓടിമറയുന്നു.അങ്ങനെ അവന് ഭാവങ്ങൾ ഏറെ...
ഞാൻ മനസ്സിൻ വിചാരിച്ചതു സംഭവിച്ചു. അവൻ ഇതാ എത്തി എന്റെ പ്രിയ കാമുകൻ. ഒരു കാമുകന്റെ തികഞ്ഞ ആത്മാർത്ഥയോടുകൂടി.തുറന്നിട്ട ജനൽപാളികൾക്കിടയിലുടെ അവനെന്റെ തണുത്തു വിറച്ച കൈകളിലും ചുണ്ടുകളിലും എന്റെ നരച്ച മുടിയിഴകളിലും മുഖത്തുമെല്ലാമായി പതിയെ പതിയെ ഊർന്നിറങ്ങി.ഒരു നിമിഷം ഞാൻ കൗമാരത്തിന്റെ പൂർവ്വസ്മരണകളിലേക്ക് തിരിച്ചു നടന്നു...
മഴക്കാലം തുടങ്ങുമ്പോൾ തന്നെ മനസ്സിൽ ഉണ്ടാകുന്ന പ്രത്യേക വികാരം. മഴയ്ക്ക് ഒരു ഹൃദ്യമായ സുഗന്ധം ഉണ്ട് എന്ന് പലപ്പോഴും എനിക്ക് തോന്നാറുണ്ട്. ചിലപ്പോൾ അത് മഴനോക്കി വിരിയാൻ കാത്തിരിക്കുന്ന പൂക്കളുടെ സുഗന്ധമാകും..
മഴ തുടങ്ങിയാൽ തറവാട്ടിൽ രാത്രി മഴ പെയ്തിറങ്ങുമ്പോൾ എല്ലാവരും ഉറങ്ങുന്ന സമയം. നടുമുറ്റത്ത് തൂണും ചാരിയിരുന്ന് മഴയുടെ സൗന്ദര്യത്തെ ആസ്വദിക്കാറുണ്ട്. ചിലപ്പോൾ അവൾ എന്തൊക്കെയോ എന്നോടു പറയുന്നതായി തോന്നും. മഴുടെ സൗന്ദര്യം മനസ്സിൽ കയറിയാൽ മറ്റൊരു ലോകത്ത് എത്തിയ പോലെയാണ് ചിലപ്പോൾ ആ ഇരുപ്പ് വെളുക്കും വരെ തുടരും...
സ്ക്കൂൾ ജീവിതത്തിനു ശേഷമുള്ള കോളേജ് ജീവിതം. കോളേജിലെ എന്റെ ആദ്യദിനം. അന്നും രാവിലെ പുറപ്പെടുമ്പോഴും അകമ്പടിയായി ചെറിയ മഴയുണ്ടായിരുന്നു. കോളേജ് കവാടം കഴിഞ്ഞു നീണ്ടു കിടക്കുന്ന വഴി അതിനിരുവശവും പൂത്തുലഞ്ഞു നിൽക്കുന്ന വാകമരങ്ങൾ.കോളേജിലേക്കുള്ള വീഥിയിൽ അലങ്കാരമെന്നോണം വീണുകിടക്കുന്ന ചുവന്ന വാകപൂക്കൾ. മഴ നന്നഞ്ഞ് കുതിർന്നു നിൽക്കുന്ന വാകപൂവിൽ നിന്നും വെള്ളതുള്ളികൾ ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു.എന്ത് ഹൃദ്യമായ കാഴ്ചയായിരുന്നു അത്.കോളേജ് ജീവിതത്തിന്റെ മിക്ക ദിവസങ്ങളിലും മഴ എനിക്ക് കൂട്ടായിരുന്നു..
പിന്നിട്ട് എന്റെ ജീവിതത്തെ തീരുമാനിച്ച ആ ദിവസവും മഴ എനിക്ക് കൂട്ടായി. വൈകുന്നേരം ക്ലാസ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ തന്നെ ആകാശത്ത് ഒരു വലിയ മഴയെ താങ്ങിപിടിച്ചുകൊണ്ട് മേഘങ്ങൾ കറുപ്പണിഞ്ഞ് നിൽക്കുന്നുണ്ടായിരുന്നു. തിടുക്കത്തിൽ ഞാൻ നടന്നു
``പേടിക്കേണ്ട മഴ പെയ്യുമെന്നു തോന്നുന്നില്ല"
പുറകിൽ നിന്നും ആ ശബ്ദം കേട്ടു ഞാൻ പതിയെ തിരിഞ്ഞു നോക്കി. വാകപുക്കൾ നിറഞ്ഞ ആ വഴിയിലൂടെ ഒരാൾ നടന്നു വരുന്നു എന്റെ കോളേജിലെ അവസാന വർഷ വിദ്യാർഥിയാണ് അയാൾ. കാണാൻ അതിസുന്ദരനായിരുന്നു പലപ്പോഴും അയാൾ എന്നെ ശ്രദ്ധിക്കുന്നതായി എനിക് തോന്നിയിട്ടുണ്ട്.പെട്ടന്ന് തന്നെ അയാൾ അടുത്തെത്തി എന്റെ ഒപ്പം നടന്നു. നടക്കുന്നതിന്റെ ഇടയ്ക് അയാൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു പക്ഷെ എന്റെ ശ്രദ്ധ മുഴുവൻ മഴ പെയ്യുമോ എന്നതിലായിരുന്നു.കോളേജ് കവാടം കഴിഞ്ഞു ഞങ്ങൾ നടന്നു നീങ്ങി പെട്ടന്ന് തന്നെ മഴ പെയ്തു തുടങ്ങി അടുത്തുള്ള ബസ് കാത്തിരിപ്പു കേന്ദ്രമായിരുന്നു ഞങ്ങൾക് ആശ്രയം.ഒരുനിമിഷം ഞങ്ങൾ പരസ്പരം നോക്കിനിന്നു പുറത്തു നന്നായി മഴ പെയ്യുന്നുണ്ട്.എന്റെ മനസിൽ മറ്റൊരു ബന്ധത്തെകൂടി ചേർക്കാൻ മഴ ശ്രമിക്കുന്നതായി തോന്നി.മഴ തോർന്നു വീണ്ടും നടക്കാൻ തുടങ്ങുമ്പോൾ മഴനൂലുകൊണ്ട് എന്നെയും അയാളെയും അവൻ ബന്ധിപ്പിച്ചു കഴിഞ്ഞിരുന്നു.പിന്നീട് എന്റെ ആദ്യരാത്രിയ്ക്കും ആശംസയുമായി ഒരു ജനാലക്കപ്പുറം അവൻ നിൽപ്പുണ്ടായിരുന്നു...
കല്യാണത്തിന്റെ ആദ്യത്തെ കുറച്ചു നാളത്തെ തിരക്കുകൾ എല്ലാം കഴിഞ്ഞു.ഇപ്പോൾ വശം ഒരുപാട് കഴിഞ്ഞുപോയിരിക്കുന്നു എങ്കിലും ഞാനിപ്പോഴും കാത്തിരിക്കുകയാണ് എന്റെ പ്രിയ കാമുകനെ എന്റെ രാത്രിമഴയെ.ജനൽപാളികിടയിലൂടെ ഞാൻ അവനോടു മല്ലേ പറഞ്ഞു..
``എനിക്ക് വയസ്സായിവരുന്നു ഞാൻ മുത്തശ്ശിയാണ്.. നീ ഇപ്പോളും യൗവനയുക്തനാണ്..നീ ഇപ്പോളും ലോകം ചുറ്റി നടക്കുന്നു.."
ഒരു പൊട്ടിചിരി എന്നോണം അവനെന്റെ കവിളിൽ മെല്ലെ തൊട്ടു.പിന്നെ ഞങ്ങൾ തമ്മിൽ പലതും പറഞ്ഞിരുന്നു ഒരു പ്രേമസല്ലാപം പോലെ...
``രാത്രി മുഴുവൻ ഇവിടെ ഇരുന്നു മഴ നനയുവായിരുന്നുലേ..?"
ജനാലപടിയിൽ ചാരിയിരുന്നുറങ്ങുന്ന എന്നെ തട്ടിയുണർത്തി ഭർത്താവ് ചോദിച്ചപ്പോഴാണ് എനിക്ക് സ്വബോധം തിരിച്ചുകിട്ടിയത്.ഞാൻ ജനാലയ്ക്കു പുറത്തേക്കു നോക്കി മഴനനഞ്ഞു കിടക്കുന്ന മുറ്റം സൂര്യൻ കിഴക്കുനിന്നു വെളിച്ചം വീശി തുടങ്ങിയിരിക്കുന്നു..മഴ എന്നത് വീണ്ടും ഒരു ഓർമ്മയാക്കികൊണ്ടു ഇടവപ്പാതി വിട്ടകന്നു,മിഥുനം തുടങ്ങി സൂര്യൻ കത്തിജ്വലിച്ചു നിൽക്കുന്ന ആകാശത്ത് കാർമേഘങ്ങൾ ഇല്ലാതായി...
വീണ്ടും ഒരു കാത്തിരിപ്പിന്റെ കാലം കൂടി...എവിടെയോ നഷ്ടപ്പെട്ട എന്നാൽ എല്ലാ കൊല്ലവും എന്നെ വന്നു സന്തോഷിപ്പിച്ചു തിരിച്ചുപോവുന്ന എന്റെ പൂർവ്വകാമുകനു വേണ്ടിയുള്ള കാത്തിരിപ്പ്....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ